01:13am 28 May 2026
NEWS
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനമൊഴിയും; പകരം മല്ലികാർജുന ഖാർഗെ?
27/05/2026  11:39 AM IST
വിഷ്ണുമംഗലം കുമാർ
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനമൊഴിയും; പകരം മല്ലികാർജുന ഖാർഗെ

മൂന്നുവർഷമായി തുടരുന്ന അഭ്യൂഹങ്ങൾക്കും ശീതസമരങ്ങൾക്കും ശേഷം കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റിൽ നേതൃമാറ്റം വരികയാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനമൊഴിയും. പകരം ആര് എന്നത് സസ്പെൻസായി തുടരുകയാണ്. 2023 ൽ കർണാടകത്തിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചത് മുതൽ മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി അവകാശവാദമുന്നയിച്ചുപോരുന്ന ഡി കെ ശിവകുമാറിന് ആ പദവി ലഭിക്കുമെന്ന് പറയാൻ കഴിയില്ല. ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അധ്യക്ഷപദവിയും ഒന്നിച്ചു വഹിച്ചുപോരുന്ന ശിവകുമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയേക്കാൾ കരുത്തനും പ്രശസ്തനുമായ നേതാവാണ്. ഹൈക്കമാണ്ടിനും സ്വീകാര്യനാണ് അദ്ദേഹം. പക്ഷെ കോൺഗ്രസ്‌ നിയമസഭാകക്ഷിയിൽ പ്രാമുഖ്യമുള്ള പിന്നോക്ക വിഭാഗ- ദളിത്-ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദയുടെ അനിഷേധ്യ നേതാവാണ് സിദ്ധരാമയ്യ. നൂറ്റിനാല്പത് എം എൽഎമാരിൽ നൂറോളം പേർ ഈ വിഭാഗത്തിൽ പെട്ടവരാണ്. മുഖ്യമന്ത്രിപദവി ഒഴിയാൻ സിദ്ധരാമയ്യ സമ്മതിച്ചാലും പകരം വൊക്കലിഗനായ ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനോട് അഹിന്ദ നേതാക്കൾ അനുകൂലിക്കുന്നില്ല. സിദ്ധരാമയ്യ മാറിയാൽ ഒരു ദളിത് നേതാവ് മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് അഹിന്ദ നേതാക്കൾ സ്വീകരിച്ചുപോരുന്നത്. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി, ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര, സാമൂഹ്യ ക്ഷേമ മന്ത്രി എച്ച് സി മഹാദേവപ്പ എന്നിവർ എ നിലപാടിൽ ഉറച്ചുനിൽക്കുന്ന പ്രമുഖരാണ്. സംസ്ഥാനത്തുനിന്നുള്ള മുതിർന്ന ദളിത് നേതാവും എ ഐ സി സി അധ്യക്ഷനുമായ മല്ലികാർജ്ജുന ഖാർഗെയാണ് സിദ്ധരാമയ്യയ്‌ക്ക് പകരം മുഖ്യമന്ത്രിയാകുന്നതെങ്കിൽ ഈ നേതാക്കൾ പിന്തുണക്കും. കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലുണ്ടായ പ്രശ്നങ്ങളാണ് കർണാടക കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ ഹൈക്കമാണ്ടിനെ പ്രേരിപ്പിച്ചത്. കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തീവ്രമായി അഭിലഷിച്ചിരുന്ന കെ സി വേണുഗോപാലിനെ കോൺഗ്രസ്സ് അധ്യക്ഷനാക്കാമെന്ന് വാഗ്ദാനം നൽകിയാണ് രാഹുൽ ഗാന്ധി അനുനയിപ്പിച്ചതെന്ന വാർത്തയുണ്ടായിരുന്നു. ഖാർഗെ അധ്യക്ഷനായിട്ട് മൂന്ന് വർഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി ഈ ജൂണിൽ അവസാനിക്കുകയുമാണ്. രണ്ടു സ്ഥാനങ്ങളുമൊഴിഞ്ഞു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ 83 കാരനായ ഖാർഗെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിച്ച് ഹൈക്കമാണ്ട് സുദീർഘമായി ചർച്ച നടത്തിയിരുന്നു. ആ ചർച്ചയിലാണ് സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടത്. രാജ്യസഭ അംഗമായി ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെങ്കിലും അതദ്ദേഹം സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. രാജ്യസഭയിലേക്കുള്ള സ്ഥാനാർഥികളെ ഈ ആഴ്ച തീരുമാനിക്കേണ്ടതുണ്ട്‌. അപ്പോൾ മാത്രമേ കാര്യങ്ങൾക്ക് വ്യക്തത വരികയുള്ളൂ. ഏതായാലും നേതൃമാറ്റം രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവുകയുള്ളൂ. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാനും ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയാകാനുമുള്ള നിയോഗമാണ് ശിവകുമാറിന് കൈവരിക. സിദ്ധരാമയ്യയ്‌ക്ക് ശേഷം മല്ലികാർജ്ജുന ഖാർഗെ മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിനും രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമേ വ്യക്തത വരികയുള്ളൂ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img